ഒന്നരവർഷമായി ഗൂഡല്ലൂരിലെ വനാതിർത്തിപ്രദേശങ്ങളിൽ ഭീതിപരത്തിയ കടുവയെ ഒടുവിൽ വനപാലകർ മയക്കുവെടിവെച്ച് പിടികൂടി. നാലു മനുഷ്യരെയും മുപ്പതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന കടുവയെ 21 ദിവസം നീണ്ട വിശ്രമമില്ലാത്ത തിരച്ചലിനൊടുവിലാണ് പിടികൂടാനായത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് കടുവയെ മയക്കുവെടിവെച്ചത്. കുങ്കിയാന ഉദയനോടൊപ്പം കടുവയെ തിരയുകയായിരുന്ന ദൗത്യസേന ഒരുമണിയോടെയാണ് മസിനഗുഡി ചെക്ക് പോസ്റ്റിന് സമീപം ഗൂറ്റ്റ് പാറയിൽ പൊന്തക്കാട്ടിൽ കടുവയെ കണ്ടെത്തിയത്. എന്നാൽ, ആനയെയും വനപാലകരെയും കണ്ട കടുവ ആക്രമാസക്തമായി. തുടർന്ന് കടുവയെ നേരിടാൻ കൂടുതൽ വനപാലകരും മയക്കുവെടി വിദഗ്ധരുമെത്തി. രണ്ടുതവണ വെടിവെച്ചാണ് കടുവയെ പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയും കടുവയെ കണ്ടെത്തുകയും പിടികൂടാൻ ശ്രമം നടത്തുകയും ചെയ്തെങ്കിലും നടന്നില്ല. രാത്രി പത്തുമണിയോടെ കടുവ മസിനഗുഡിയിൽ റോഡ് കുറുകെ കടക്കുന്നത് വനപാലകർ കണ്ടിരുന്നു. മയക്കുവെടി വെച്ചെങ്കിലും കടുവ വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ മസിനഗുഡി, ശ്രീമധുര, ദേവർഷോല പഞ്ചായത്തുകളിലെ വനത്തോടുചേർന്ന ഗ്രാമങ്ങളിലാണ് കടുവ തമ്പടിച്ചിരുന്നത്. ടി-23 എന്ന പേരിലാണ് പിടിയിലായ കടുവ അറിയപ്പെടുന്നത്. കടുവയുടെ മുഖത്ത് മാരകമായ പഴകിയ മുറിവുണ്ടെന്നും ഇത് ചികിത്സിച്ച് ഭേദമാക്കിയതിനു ശേഷമേ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുള്ളൂവെന്നും മുതമല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. വെങ്കിടേഷ് പ്രഭു പറഞ്ഞു. വയനാട്, സത്യമംഗലം, മുതുമല എന്നിവിടങ്ങളിലെ 75 പേരടങ്ങിയ ദൗത്യസേനയാണ് കടുവയ്ക്കായി തിരച്ചിൽ നടത്തിയത്.