ഡോക്ടര്‍ വീട്ടിലെത്തി ചികിത്സിച്ചില്ലെന്ന് ആരോപിച്ച് യുവാവ് സ്വകാര്യ ആശുപത്രി അടിച്ച് തകര്‍ത്തു. കൊല്ലം പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അവിട്ടം ദിനത്തിലാണ് സംഭവം. കാരിക്കൽ സ്വദേശി ബിജുവിനെതിരെ ആശുപത്രി അധികൃതർ പുത്തൂർ പോലീസിൽ പരാതി നൽകി.

അമ്മയെ ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്കയക്കണമെന്ന് ബിജു ആശുപത്രിയിലെത്തി ആവശ്യപ്പെട്ടു. ഇതിന് സാധിക്കില്ലെന്ന് ആശുപത്രി മാനേജ്മെന്റ് നിലപാടെടുത്തു. അല്പനേരം ബഹളംവെച്ച ശേഷം ബിജു വീട്ടിലേക്ക് തിരിച്ചുപോയി. ഉച്ചയോടെ അമ്മയെ ആംബുലൻസിൽ ഇതേ ആശുപത്രിയിലെത്തിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട അമ്മയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ഇതിൽ പ്രകോപിതനായ ബിജു ആശുപത്രിയുടെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു.