നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ക്കെതിരേ നടി പാര്‍വ്വതി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. മമ്മൂട്ടി ചിത്രമായ 'കസബ'യെ വിമര്‍ശിച്ചതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കുനേരേ അസഭ്യവര്‍ഷവും ഭീഷണിയുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് തനിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ പാര്‍വതി കഴിഞ്ഞ ദിവസം ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരുന്നത്. വ്യക്തിഹത്യ നടത്താന്‍ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. ഡിസംബര്‍ 24നാണ് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പാര്‍വതി പരാതി നല്‍കുന്നത്. ഐ.ജി.യുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷണം ആരംഭിച്ചു. കൂടാതെ കൊച്ചി സൈബര്‍ സെല്‍ വിവരം പരിശോധിച്ചുവരികയുമായിരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. അതിന്റെ മറുപടി ലഭിക്കുന്നതിനു മുന്‍പുതന്നെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.