പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സി.ബി.ഐയുമായി വീണ്ടും കൊമ്പുകോര്‍ക്കുന്നു. നാരദ കേസില്‍ 2 തൃണമൂല്‍ മന്ത്രിമാരെയും 2 എം.എല്‍.എമാരെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി.ബി.ഐ. ഓഫീസിലെത്തിയാണ് മമത പ്രതിഷേധിച്ചത്.

മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്. പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്‌.  അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്.  

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ സി.ബി.ഐ. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഫിര്‍ഹാദ് ഹക്കീമിന്റെ ആരോപണം. മന്ത്രിയായ സുബ്രതോ മുഖര്‍ജിയേയും തൃണമൂല്‍ എം.എല്‍.എ. മദന്‍ മിത്രയേയും മുന്‍ എം.എല്‍.എ. സോവന്‍ ചാറ്റര്‍ജിയേയും സി.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.