ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് എയിംസിലെത്തി കോവാക്‌സിന്‍ സ്വീകരിച്ചതോടെ രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടത്തിനു തുടക്കമായി. മലയാളിയായ നഴ്‌സ് റോസമ്മ അനിലും മറ്റൊരു നഴ്‌സും ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്പ്പ് നടത്തിയത്.  ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണിത്. ചെന്നൈയിലെ ഗവ. മെഡിക്കല്‍ കോളേജില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വാക്‌സിനെടുത്തു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, കേന്ദ്രസഹമന്ത്രിമാരായ ജിതേന്ദ്രസിങ്, സോംപ്രകാശ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവരാണ് വാക്‌സിനെടുത്ത മറ്റു പ്രമുഖര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ചൊവ്വാഴ്ച വാക്‌സിനെടുക്കും. ബിഹാറില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും 45-നു മുകളിലുള്ള രോഗികള്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.