പനങ്ങാട് ചതുപ്പിൽ ഇറക്കിയ ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലിയുടേതാണ് കോപ്റ്റർ. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷം ട്രെയിലറിൽ റോഡ് മാർഗമാണ് ഹെലികോപ്റ്റർ എയർപോർട്ടിൽ എത്തിച്ചത്. ഡൽഹിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.

വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം അർധരാത്രിയോടെയാണ് ഹെലികോപ്റ്റർ ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ച് ബലപ്പെടുത്തുകയായിരുന്നു ആദ്യ നടപടി. ശേഷം പങ്കകൾ അഴിച്ചു നീക്കി കേന്ദ്ര ഭാഗത്ത് ബലമുള്ള കയറുകളിട്ടു. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ചതുപ്പിൽ നിന്ന് ഉയർത്തി സമീപത്തെ ദേശീയ പാതയിൽ ഒരുക്കി നിർത്തിയ ട്രെയിലറിലേക്ക് മാറ്റുകയായിരുന്നു.

ഈ പ്രവർത്തനത്തിന് നാലു മണിക്കൂറിലേറെ സമയം വേണ്ടിവന്നു. പുലർച്ചെയോടെ ഹെലികോപ്റ്റർ വിമാനത്താവളത്തിൽ എത്തിച്ചു.