നഷ്ടങ്ങളുടെ കഥപറഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് പ്രണയത്തിന്റെ അതിജീവനത്തിന്റെ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് കോഴിക്കോട്ടെ തങ്കവും മനുവും. അറുപതിലും  അവര്‍ക്കിടയില്‍ പൂത്ത് തളിര്‍ത്ത് പൂവിട്ട പ്രണയം തെരുവില്‍ നിന്ന് ജീവിതത്തിലേക്ക് വഴികാട്ടിയപ്പോള്‍ പഴയ ദുരിത കാലത്തിന്റെ കണ്ണീരുപ്പ് മാഞ്ഞ് പോയിട്ടില്ല ഇന്നും ഇരുവരുടേയും കണ്ണുകളില്‍ നിന്ന്.  

വി.ഒ-ഒറ്റപ്പെടലിന്റെ വേദന ചെറുപ്പം മുതല്‍ അറിഞ്ഞിരുന്നൂ രണ്ടുപേരും. പല ജോലികള്‍ ചെയ്ത് പീഡനങ്ങള്‍ സഹിച്ച് ഒടുവില്‍ കോഴിക്കോട്ടെ അനാഥാലയത്തിലെത്തി വാര്‍ധക്യം വരെ അഭയം തേടിയവര്‍. ഒരു ജീവിതം തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മടിച്ചെങ്കിലും തങ്കം പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് പറയുന്നു മനു. ഒടുവില്‍ ലോക്ക് ഡൗണ്‍കാലത്ത് കോഴിക്കോട് ടൗണ്‍ സ്റ്റേഷന്‍ സി.ഐ എ ഉമേഷ് മുന്‍കൈയെടുത്ത് കല്ല്യാണവും  നടത്തിക്കൊടുത്തു. തങ്കമങ്ങനെ മനുവിന്റെ തങ്കക്കുടമായി.

മെയ് 27 ന് കല്ല്യാണം കഴിഞ്ഞ ശേഷം തെരുവിന്റെ അരക്ഷിത്വത്തില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മാറി കോഴിക്കോട് ചാലപ്പുറത്തെ ഒറ്റമുറി വാടക മുറിയിലാണ് ഇന്നവരുടെ ജീവിതം. കാല് കുത്താന്‍ ഇടമില്ലാത്ത, വൃത്തിയുള്ള കുടിവെള്ളം പോലുമില്ലാത്ത വീട്. പക്ഷെ തങ്കവും മനുവും അപ്പോഴും മറന്നില്ല തങ്ങളെ ചേര്‍ത്ത് നിര്‍ത്തിയവരേയും പുതിയ ജീവിതം  തന്നവരേയും. വര്‍ഷങ്ങളോളം വീട്ട് ജോലി ചെയ്തിട്ടും ഉടമ പിടിച്ചുവെച്ച തങ്കത്തിന്റെ രണ്ടര ലക്ഷം  രൂപ പോലീസ്  ഇടപെട്ട് തിരികെ ലഭിപ്പോള്‍ അതില്‍ ഇരുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും  നല്‍കി ഈ മനുഷ്യ സ്‌നേഹികള്‍. അങ്ങനെ ലോക്ക് ഡൗണ്‍ കാലത്തെ  കരുതലിന്റെ പ്രതീകവുമായി. 

ഇനി സ്വന്തമെന്ന് പറയാന്‍ മനുവിനൊരു വീട് വേണം. പൊന്ന് പോലെ നോക്കി കോളാം എന്ന് വാക്ക് നല്‍കി കൂടെ കൂട്ടിയ തങ്കത്തെ അവസാനം വരെ ചേര്‍ത്ത് നിര്‍ത്തണം.