റോഡരികില്‍നിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുന്നു... ശനിയാഴ്ച രാവിലെ കണ്ണൂര്‍ റോഡില്‍ എലത്തൂര്‍മുതല്‍ ബിലാത്തികുളംവരെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

വെള്ളിയാഴ്ച രാത്രി മലാപ്പറമ്പില്‍നിന്നാണ് കുന്ദമംഗലം സ്വദേശിയുടെ ടിപ്പര്‍ലോറി മോഷ്ടാക്കള്‍ കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ എലത്തൂരില്‍വെച്ച് സംശയംതോന്നി പോലീസ് കൈകാണിച്ചെങ്കിലും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ മോഷ്ടിച്ച ലോറിയാണെന്ന് കരുതി എലത്തൂര്‍ പോലീസ് പിന്തുടര്‍ന്നു. അതിവേഗത്തില്‍ പായുന്നതിനിടെ ലോറി അഞ്ചുവാഹനങ്ങളില്‍ ഇടിച്ചെങ്കിലും യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റില്ല. ഒടുവില്‍ നടക്കാവിലെത്തിയപ്പോള്‍ പോലീസ് പിടിയിലാകുമെന്ന് കരുതിയ പ്രതികള്‍ വണ്ടി ബിലാത്തികുളം ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. 

ഇടറോഡിലൂടെ ലോറി ബിലാത്തികുളം ശിവക്ഷേത്രത്തിലേക്ക് ഓടിച്ചുകയറ്റി. നടവഴിയിലൂടെ മുന്നോട്ടുപോകാന്‍ശ്രമിക്കവേ ലോറി ദീപസ്തംഭത്തിലും കല്‍ത്തൂണിലും ഇടിച്ച് കുടുങ്ങി. തുടര്‍ന്ന് മുന്നോട്ടുപോവാന്‍ കഴിയാതെവന്നതോടെ പ്രതികള്‍ ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി. ലോറി ഓടിച്ച എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ് (20), പണിക്കര്‍റോഡ് നാലുകോടിപറമ്പ് നിധീഷ് (22) എന്നിവരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.