തിരുവനന്തപുരം വിഴിഞ്ഞത്ത് കയറ്റം കയറുന്നതിനിടെ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു. പിന്നാലെ വന്ന രണ്ടു കാറുകളും ഓട്ടോറിക്ഷയും ലോറിയിലിടിച്ച് വശങ്ങളിലേക്ക് ചെരിഞ്ഞു. ശനിയാഴ്ച വൈകിട്ടോടെ വിഴിഞ്ഞം- മുക്കോല- കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലായിരുന്നു അപകടം. ഗുജറാത്തില്‍നിന്ന് നൂലും കയറ്റി കോട്ടയത്തേക്ക് പോകാനെത്തിയ ചരക്കുലോറിയാണ് അപകടത്തില്‍ പെട്ടത്. 

മുക്കോലയില്‍നിന്ന് കല്ലുവെട്ടാന്‍ കുഴി സര്‍വ്വീസ് റോഡിലെ കുത്തനെയുള്ള കയറ്റം കയറവെ ലോറി പിന്നോട്ട് ഉരുളുകയായിരുന്നു. ഒന്‍പതര ടണ്‍ ഭാരമുളള നൂലുകളുമായാണ് ലോറി കയറ്റം കയറിയത്. പെട്ടെന്ന് പിന്നോട്ട് ഉരുണ്ടതോടെ ഡ്രൈവര്‍ ബ്രേക്ക് ചെയ്തുവെങ്കിലും ലോറി നിന്നില്ല. 

ഈ സമയത്തായിരുന്നു പിന്നാലെ വന്ന കാര്‍ ലോറിയിലിടിച്ചത്. ഈ കാര്‍ സമീപത്തെ ഓടയില്‍ കുടുങ്ങി. ഇതേ സമയത്ത് വരുകയായിരുന്ന മറ്റൊരു കാര്‍, ആദ്യം അപകത്തില്‍പ്പെട്ട കാറിന്റെ പിന്നിലിടിച്ചു. തൊട്ടുപിറകെ വരുകയായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചു. ഇതോടെ നാട്ടുകാരും പിറകെ വന്ന വാഹനങ്ങളിലെ ആള്‍ക്കാരും എത്തി ലോറിക്ക് തടസ്സംവെച്ചു. കാറുകളിലും ഓട്ടോറിക്ഷയിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.