എല്ലാ കടകളും ആഴ്ചയിൽ ആറുദിവസവും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാൻ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ്‌ തീരുമാനം. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കും. ഇത്‌ ഞായറാഴ്ച മാത്രമാക്കും.

കടകളിൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പ്രവേശിക്കാൻ ഒരു ഡോസ് വാക്സിൻ അല്ലെങ്കിൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് പോലുള്ള നിബന്ധനകൾ ഏർപ്പെടുത്തും. മാറ്റങ്ങൾ വ്യാഴാഴ്ച പ്രാബല്യത്തിൽവരും. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഞായറാഴ്ചയും അവിട്ടം നാളായ 22 ഞായറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ മുഴുവനായി നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉപേക്ഷിക്കും.

ഓരോ മേഖലയിലും ആയിരം പേരിൽ എത്ര രോഗികൾ എന്നതിനെ ആധാരമാക്കി ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ്‌ തീരുമാനം. ഒരാഴ്ചയിലെ രോഗികളുടെ കണക്കാണ് ഇതിനായി ഉപയോഗിക്കുക. വിദഗ്‌ധസമിതി സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിക്കും.