വർഷങ്ങളായി വയനാട് പുൽപ്പള്ളിയിൽ തട്ടുകട വരുന്ന അബ്ദുവിനെ ആശ്രയിച്ച് നിരവധി പൂച്ചകളും നായ്ക്കളുമായിരുന്നു കഴിഞ്ഞിരുന്നത്. തട്ടുകടയിൽ ബാക്കി വരുന്ന ഭക്ഷണമായിരുന്നു ഇവയ്ക്ക് നൽകിയിരുന്നത്. കോവിഡ് വ്യാപനത്തേ തുടർന്ന് പുൽപ്പള്ളി കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ കട തുറക്കാൻ പറ്റാതായി. ഈ സാഹചര്യത്തിൽ തന്നെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ജീവികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണമെത്തിച്ച് നൽകുകയാണ് അബ്ദു.

എന്നാൽ ലോക്ക്ഡൗൺ ആയതോടെ ഭക്ഷണവുമായി ടൗണിലേക്കിറങ്ങാൻ പറ്റാത്ത സാഹചര്യമായെന്ന് അബ്ദു പറയുന്നു. വർഷങ്ങളായി ജീവിതത്തിന്റെ ഭാ​ഗമായ ഈ മൃ​ഗങ്ങളെ കോവിഡ് കാലത്തും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അബ്ദു സ്വദേശത്തേക്ക് പോകുമ്പോൾ പൂച്ചകൾക്കും മറ്റും ഭക്ഷണം കൊടുക്കാൻ സമീപത്തെ ആളുകളെ പറഞ്ഞേൽപ്പിക്കുമായിരുന്നു.