മൂന്നാറിലെ തെരുവില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് വിമാനം കയറാന്‍ ഒരുങ്ങിയ നന്ദിയുടെ യാത്രയും ലോക്ഡൗണില്‍ കുരുങ്ങി. അവളിപ്പോള്‍ ഗോവയിലാണ്. അവിടെ ബന എന്ന കൂട്ടുകാരനൊപ്പം, തന്നെ പുതുജീവിതത്തിലേക്ക് സ്വീകരിച്ചവര്‍ വരുന്നതും കാത്ത്.

ഫെബ്രുവരിയിലാണ് മൂന്നാറില്‍വെച്ച് നന്ദിയെന്ന നായയെ സ്വിറ്റ്സര്‍ലന്‍ഡുകാരായ അലനും ജോണും ചേര്‍ന്ന് ദത്തെടുക്കാന്‍ തീരുമാനിച്ചത്. അവര്‍ കൊല്ലം ജില്ലാ മൃഗാശുപത്രിയില്‍ കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തു.

ചിപ്പ് ഘടിപ്പിച്ച് റാബിസ് ടെസ്റ്റിനുള്ള സെറം എടുത്ത് ബ്രിട്ടനിലെ ലാബിലേക്കും അയച്ചു. പെറ്റ് പാസ്പോര്‍ട്ടും സ്വന്തമാക്കി.

അലനും ജോണും നാട്ടിലേക്ക് പോവുമ്പോള്‍ അവളെ കൊച്ചിയിലെ സുഹൃത്തിനെ ഏല്‍പ്പിച്ചു. ഏപ്രിലില്‍ വന്ന് കൊണ്ടുപോവാനായിരുന്നു പ്ലാന്‍. എന്നാല്‍, ലോക്ഡൗണ്‍ എല്ലാം തകിടംമറിച്ചു. ലാബിലേക്ക് അയച്ചതിന്റെ ഫലംപോലും കുരുങ്ങിക്കിടക്കുകയാണ്.

പേവിഷരഹിത രാജ്യമായതിനാല്‍ പ്രതിരോധമരുന്ന് നല്‍കിയാലും അതിന്റെ ആന്റിബോഡി നിലവാരംകൂടി അറിഞ്ഞാലേ ഒരു മൃഗത്തെ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോവാനാവൂ.

കൊച്ചിയിലെ സുഹൃത്ത് അവളെയുംകൊണ്ട് ഗോവയിലേക്ക് പോയി. അവിടെ ബന എന്നൊരു കൂട്ടുകാരനെയും കിട്ടി അവള്‍ക്ക്. ഓഗസ്റ്റോടെ നന്ദിയെ കൊണ്ടുപോവാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് സൂറിച്ചില്‍ ഹോട്ടല്‍ വ്യവസായികളായ അലനും ജോണും.

'ഇവിടെ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ഹോട്ടല്‍ തുറന്നു. ഇനി ലാബില്‍ നിന്നുള്ള റിസള്‍ട്ട് കിട്ടണം, പിന്നെ വിമാന സര്‍വീസ് സാധാരണപോലെ ആവണം. അവളെ കൊണ്ടുവരണം. അപ്പോള്‍ കൊല്ലത്ത് ഒരിക്കല്‍കൂടി വരും. നിങ്ങള്‍ക്ക് നന്ദി പറയാന്‍.'

ഇ-മെയില്‍ സന്ദേശത്തിലൂടെ അവര്‍ കൊല്ലം ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടര്‍ അജിത്ബാബുവിനോട് പറഞ്ഞു. നന്ദിയും ബനയും കളിക്കുന്ന വീഡിയോയും അവര്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു.