മുറ്റത്തുനിന്ന നാലുവയസ്സുകാരനെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറയ്ക്കടുത്ത് നടുമല എസ്റ്റേറ്റില്‍ വീടിന്റെ മുറ്റത്തുനിന്നിരുന്ന നാലുവയസ്സുകാരനെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെയാണ് പുലി കൊന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. അമ്മ കുളിപ്പിച്ചതിനുശേഷം അടുക്കളവാതിലിനടുത്താണ് കുട്ടിയെ നിര്‍ത്തിയിരുന്നത്. അമ്മ അടുക്കളയിലേക്ക് മാറിയ സമയം തോട്ടത്തില്‍നിന്ന് വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു. ഇതുകണ്ട് അമ്മ കരഞ്ഞ് ബഹളംവച്ചപ്പോള്‍ നാട്ടുകാര്‍ പന്തങ്ങളും ടോര്‍ച്ചുകളും ആയുധങ്ങളുമായി തോട്ടത്തില്‍ തിരച്ചിലാരംഭിച്ചു. എട്ടരയോടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. തലയും ഉടലും വേര്‍പെട്ടനിലയില്‍ രണ്ടിടത്തുനിന്നാണ് കണ്ടെത്തിയത്. വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ മുഷറഫലിയും കുടുംബവും ഒരുകൊല്ലം മുമ്പാണ് ഇവിടെ താമസമാക്കിയത്. മാനാമ്പിള്ളി റേഞ്ച് ഓഫീസര്‍ ശേഖരന്റെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.