യു.ഡി.എഫ്-വെല്‍ഫെയര്‍ സഖ്യം മൂലം  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ സസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയ മുക്കം നഗരസഭാ ഭരണം ഒടുവില്‍ ലീഗ് വിമതന്റെ  പിന്തുണയോടെ എല്‍.ഡി.എഫ് ഭരിക്കാന്‍ തീരുമാനമായി. ലീഗ് വിമതനായി ഇരട്ടക്കുളങ്ങരയില്‍ നിന്നും വിജയിച്ച മുഹമ്മദ് അബ്ദുള്‍ മജീദ് തന്റെ പിന്തുണ എല്‍.ഡി.എഫിനാണെന്ന് പ്രഖ്യാപിച്ചു. 

ഫലം വന്നതോടെ ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ്.- വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എ.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് ഇരട്ടകുളങ്കര വാര്‍ഡില്‍ നിന്നും വിജയിച്ച ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ് നിര്‍ണായകമായത്. ഇദ്ദേഹത്തിന്റെ പിന്തുണകൂടി ലഭിച്ചതോടെ എല്‍.ഡി.എഫിന് 16 സീറ്റായി.

മുക്കത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അബ്ദുള്‍ മജീദ് പറഞ്ഞു. താന്‍ ഇപ്പോഴും ലീഗുകാരന്‍ തന്നെയാണ്. നഗരസഭയ്ക്കുള്ളില്‍ മാത്രമാണ് പിന്തുണ നല്‍കുകയെന്നും പുറത്ത് ലീഗിന്റെ പ്രവര്‍ത്തനത്തില്‍  സജീവമാകുമെന്നും മുന്നോട്ട് വെച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയാല്‍ പിന്തുണ പിന്‍വലിക്കുമെന്നും അബ്ദുള്‍ മജീദ് ചൂണ്ടിക്കാട്ടി.