തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറ്റുന്നതില്‍ അനാസ്ഥ. പുലര്‍ച്ചെ അഞ്ച് മണിക്ക് മരിച്ചയാളുടെ മൃതദേഹം മാറ്റിയത് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ്. മൃതദേഹത്തിന് തൊട്ടടുത്തുവച്ച് പ്രഭാത ഭക്ഷണവും വിതരണം ചെയ്യുകയും ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വാര്‍ഡിലാണ് സംഭവം. ഈ വാര്‍ഡില്‍ കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ബലരാമപുരം സ്വദേശിയാണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചത്. മണിക്കൂറുകള്‍ താമസിച്ച് 10.30നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം അവിടെ നിന്ന് മാറ്റിയത്. മൃതദേഹം കിടന്നതിന് തൊട്ടടുത്തുവെച്ചാണ് മറ്റു രോഗികള്‍ക്കുള്ള പ്രഭാത ഭക്ഷണം വിതരണം ചെയ്തത്.

ഈ രീതിയില്‍ മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് വിതരണം ചെയ്ത ഭക്ഷണം കഴിക്കില്ല എന്ന് പറഞ്ഞ് രോഗികള്‍ പ്രതിഷേധിച്ചു. മറ്റ് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് മൃതദേഹം പിന്നീട് നീക്കം ചെയ്തത്