പ്രവര്‍ത്തകരുടെ രാജിക്ക് പിന്നാലെ ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി. ആയിഷ സുൽത്താനയ്ക്കെതിരെ കേസ് നൽകിയത് ലക്ഷദ്വീപ് പ്രഭാരി എ.പി അബ്ദുള്ളക്കുട്ടിയും നേതാക്കളും മാത്രം കൂടിയാലോചിച്ചാണ് എന്നാണ് വിമർശനം. കേസ് പിന്‍വലിക്കണമെന്ന് നേതൃത്വത്തോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയ്ക്കെതിരെ പരാതി നൽകിയത് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ഉടൻ യോ​ഗം വിളിക്കുമെന്നും അബ്ദുള്ളക്കുട്ടി മറുപടി പറഞ്ഞു. 

ആയിഷ സുൽത്താനയ്ക്കെതിരായ പരാതിയിൽ പ്രതിഷേധിച്ചാണ് പത്തൊമ്പത് പ്രവർത്തകർ രാജി വെച്ചത്. ബയോവെപ്പൺ പരാമർശത്തിൽ ദ്വീപ്നിവാസിയായ ആയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നു കാട്ടി ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവർത്തകർ രാജി സമർപ്പിച്ചു തുടങ്ങിയത്.