കുറുവ കൊള്ളസംഘത്തെ രണ്ട് കേസുകളിൽ പ്രതിചേർത്ത പശ്ചാത്തലത്തിൽ കോഴിക്കോട് സുരക്ഷ ശക്തമാക്കി പോലീസ്. രാത്രിയിൽ അരിച്ചുപെറുക്കിയുള്ള പരിശോധനയാണ് പോലീസ് ലക്ഷ്യമിടുന്നത്. 40 അം​ഗങ്ങളുള്ള സംഘമായി തിരിഞ്ഞാണ് പോലീസിന്റെ രാത്രികാല പട്രോളിങ് ആരംഭിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണറാണ് നേതൃത്വം നൽകുന്നത്.  

രാത്രി പത്തുമണിക്ക് ശേഷം ന​ഗരത്തിൽ അനാവശ്യമായി ചുറ്റിത്തിരിയുന്നത് തടയുക എന്നതാണ് പട്രോളിങ്ങിന്റെ ലക്ഷ്യം. എലത്തൂരിലാണ് കുറുവാ സംഘത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നുപേരെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. 

സംസ്ഥാനത്താകെ ഏഴുകേസുകളാണ് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തത്. മോഷണമുതൽ കോഴിക്കോട് ജില്ലയിലാണ് വിറ്റത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.