കൊല്ലം കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് കാണാതായത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്ന് കണ്ടെത്തി.

ഞായറാഴ്ച സർവീസ് പൂർത്തിയാക്കി രാത്രി പത്തരയോടെ ആർ.എ.സി 354 എന്ന നമ്പറിലുള്ള ബസ് ഡിപ്പോയിലെത്തിച്ചു. ​ഗ്യാരേജിലെ പരിശോധനയ്ക്കുശേഷം മുനിസിപ്പൽ ഓഫീസിനുസമീപം റോഡിൽ നിർത്തിയിട്ടു. രാവിലെ സർവീസ് നടത്താനായി ഡ്രൈവറെത്തിയപ്പോൾ കണ്ടത് ബസ് നിർത്തിയിട്ടിരുന്ന സ്ഥലം ശൂന്യമായി കിടക്കുന്നതാണ്.

സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി ഒന്നരയോടെ ഒരാൾ കൊല്ലം ഭാ​ഗത്തേക്ക് ബസോടിച്ചുപോകുന്നത് കണ്ടു. കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയേത്തുടർന്ന് ജില്ലയിലെമ്പാടും തിരച്ചിലാരംഭിച്ചു. ഒടുവിൽ പാരിപ്പള്ളിയിലെ ഒരു മൈതാനത്തുനിന്നാണ് ബസ് കണ്ടെത്തിയത്. മോഷ്ടാവിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്.