കോഴിക്കോട് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് 28 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് രക്ഷപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പന്തീരാങ്കാവ് മണക്കടവ് റോഡിലുള്ള കെ.കെ. ജ്വല്ലറിയില്‍ മാല വാങ്ങാനായി എത്തിയ യുവാവും റോഡില്‍ ബൈക്കില്‍ കാത്തുനിന്ന സുഹൃത്തും ചേര്‍ന്ന് മോഷണം നടത്തിയത്.

കുട്ടികള്‍ക്കുള്ള ഒന്നരപ്പവന്‍ തൂക്കംവരുന്ന മാലയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജ്വല്ലറി ഉടമ കെ.കെ. രാമചന്ദ്രന്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. വിവിധ മോഡലിലുള്ള മാലകള്‍ നോക്കുന്നതിനിടയില്‍ രണ്ട് മാലകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു. ഉടനെതന്നെ ജ്വല്ലറി ഉടമയും പിറകെ ഓടിയെങ്കിലും യുവാവ് പുറമെ തയ്യാറായിനിന്നിരുന്ന ബൈക്കില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

പിറകെ ഓടുന്നതിനിടയില്‍ രണ്ടുതവണ റോഡില്‍വീണ രാമചന്ദ്രന്‍ വീണ്ടും എഴുന്നേറ്റ് ഓടി ബൈക്ക് തടഞ്ഞ് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമംനടത്തി. എന്നാല്‍ അദ്ദേഹത്തെ തള്ളിമാറ്റി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

ഈ സമയം റോഡിലും അടുത്ത കടകളിലുമുള്ള ആളുകള്‍ കാര്യമറിയാതെ പരിഭ്രാന്തരായി. സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നെങ്കില്‍ മോഷ്ടാക്കളെ പിടികൂടാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 16, 12 ഗ്രാമുകള്‍ തൂക്കം വരുന്ന രണ്ടുമാലകളാണ് നഷ്ടപ്പെട്ടത്. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.