കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അടുത്ത രണ്ടാഴ്ചയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാന്‍ യോഗം തീരുമാനിച്ചു. ബീച്ചുകളിലും മറ്റു ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ ക്രമാതീതമായി എത്തുന്നത് അപകടകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. കൂടുതല്‍ ആളുകള്‍ എത്തുകയാണെങ്കില്‍ ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന് പോലീസിനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ക്കും ചുമതല നല്‍കി. വൈകീട്ട് ഏഴുമണിക്ക് ശേഷം ബീച്ചുകളില്‍ ആളുകളെ അനുവദിക്കില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.