കണ്ണഞ്ചേരിയില്‍ കെട്ടിടം അപ്രതീക്ഷിതമായി തകര്‍ന്നുവീണതില്‍ പകച്ച് നാട്ടുകാര്‍. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കെട്ടിടം വീഴുന്ന ശബ്ദംകേട്ടാണ് പരിസരവാസികള്‍ ഓടിയെത്തിയത്. കെട്ടിടത്തിനടിയില്‍ എത്ര പേരുണ്ടാകുമെന്ന ആശങ്കയായിരുന്നു പ്രദേശവാസികളില്‍.
റോഡിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. പൂര്‍ണമായും പൊളിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന് സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ കെട്ടിടത്തിന്റെ മുന്നിലുള്ള റോഡിലോ ആളുകളുണ്ടോയെന്ന പേടിയുമുണ്ടായിരുന്നു. എന്നാല്‍, പ്രദേശം കണ്‍ടെയ്ന്‍മെന്റ് സോണായതിനാല്‍ കടകളൊക്കെ നേരത്തേ അടച്ചിരുന്നു. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങില്ല എന്നതും ആശ്വാസമായി.
റോഡില്‍ വീണ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റിയതിനുശേഷം ഗതാഗതവും പുനഃസ്ഥാപിച്ചു. മീഞ്ചന്ത അഗ്‌നിരക്ഷാ സേനയില്‍നിന്ന് മൂന്നുയൂണിറ്റും ബീച്ചില്‍നിന്നും രണ്ടു യൂണിറ്റുമാണ് സ്ഥലത്തെത്തിയത്. ജില്ലാ ഫയര്‍ ഓഫീസര്‍ ടി. രഞ്ജിത് നേതൃത്വം നല്‍കി.