സര്‍ട്ടിഫിക്കറ്റിലെ വൈകല്യ ശതമാനത്തില്‍ കുരുങ്ങി ഭിന്നശേഷിക്കാരിയായ യുവതിയുടെ ജീവിതം. ഇരുപത്തിനാല് വര്‍ഷത്തിനിടയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വന്ന പത്ത് അഭിമുഖ പരീക്ഷകളിലും കൊയിലാണ്ടി പള്ളിക്കര സ്വദേശി രമയ്ക്ക് ജോലി ലഭിച്ചില്ല. നിങ്ങളെ ജോലിയ്ക്ക് എടുത്താല്‍ മേധാവികളില്‍നിന്നു ചീത്ത കേള്‍ക്കേണ്ടി വരുമെന്നാണ് അറിയിക്കുന്നതെന്ന് രമ വേദനയോടെ പറയുന്നു.

വളരെ ചെറുപ്പത്തിൽത്തന്നെ ഒരു കൈയ്ക്കും കാലിനും ശേഷിക്കുറവുള്ള രമയ്ക്ക് 75 ശതമാനം വൈകല്യമുണ്ടെന്ന് ഡോക്ടർമാർ രേഖയിലെഴുതി. ഈ ശതമാനം കൂടുതലായതാണ് പ്രശ്നമായതെന്ന് രമ പറഞ്ഞു. എട്ട് ഇന്റർവ്യൂകൾ കഴിഞ്ഞശേഷമാണ് ഇത് പറയാൻ തുടങ്ങിയത്. വികലാം​ഗ പെൻഷൻ മാത്രമാണ് ഏക ആശ്രയമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ വരെ മണിക്കൂറുകൾ നടന്ന് രമ ലോട്ടറി വിറ്റിരുന്നു. തയ്യൽ മെഷീൻ ഉപയോ​ഗിക്കും. എല്ലാ വീട്ടുജോലികളും സ്വയം ചെയ്യും. ഇതിനിടെ ഉടയാത്ത വി​ഗ്രഹം എന്ന പേരിൽ കവിതാ സമാഹാരവുമെഴുതി.