പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി നഴ്സ് ചിഞ്ചു മൈക്കിളിന്റെ കൊലപാതകത്തിൽ അറസ്റ്റിലായത് അതുവരെ ആരും സംശയിക്കാത്ത പ്രദേശവാസി. തടിക്കച്ചവടക്കാരൻ നസീറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ ഏവരും അതുവരെ സംശയിച്ചിരുന്ന സുഹൃത്ത് ടിജിൻ ജോസഫ് നിരപരാധിയാണെന്ന് കൂടിയാണ് വ്യക്തമായത്.ലോക്കൽ പോലീസിന്റെ അന്വേഷണവേളയിൽ ടിജിന് കൊടിയ മർദനമാണ് ഏൽക്കേണ്ടിവന്നത്.

യുവതിയുടെ മരണം ആത്മഹത്യയാണെന്ന് തുടക്കത്തില്‍ സംശയിച്ചിരുന്നെങ്കിലും ടിജിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ലോക്കല്‍ പോലീസിന്റെ അന്വേഷണം. എന്നാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകളാണ് കേസില്‍ സംഭവിച്ചത്. സംഭവദിവസം വീട്ടിലെത്തിയ തടിക്കച്ചവടക്കാരനാണ് യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന നസീറിനെ(39) ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു.