കൂടത്തായ് സിരിയലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോടതിയുടെ സഹായം തേടി പ്രതിഭാഗം. സിഡി കാണാൻ അനുവാദം ചോദിച്ച് കേസിലെ ഒന്നാം പ്രതി ജോളി അപേക്ഷ നൽകി. സിഡി നൽകാൻ ചാനലിന് നിർദ്ദേശം നൽകണമെന്ന് പ്രതിഭാഗം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ& സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു. 

കൂടത്തായ് കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താൻ അനുവദിക്കണമെന്ന അഡ്വ. ബി.എ ആളൂരിന്റെ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിഭാഗം പുതിയ അപേക്ഷ നൽകിയത്. കൂടത്തായ് കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയൽ തന്നേയും വീട്ടുകാരേയും മോശമായാണ് ചിത്രീകരിക്കുന്നതെന്നും മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും പറഞ്ഞാണ്  കേസിലെ ഒന്നാം പ്രതി ജോളി കോടതിയെ സമീപിച്ചത്. 

ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാൽ സീരിയലിന്റെ സിഡി കാണാൻ അനുവദിക്കണമെന്നും കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ & സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. സിഡി നൽകാൻ ചാനലിന് നിർദ്ദേശം നൽകണമെന്ന് ജോളിയുടെ അഭിഭാഷകൻ ബി.എ ആളൂർ വാദിച്ചു. എന്നാൽ ഇത് ഇവിടെ പരിഗണിക്കേണ്ട  വിഷയമാണോയെന്ന് പരിശോധിക്കട്ടെയെന്ന മറുപടിയാണ് കോടതി നൽകിയത്. കേരളപോലീസ് തന്നെ വെബ്സീരീസുമായി വരികയാണെന്നും അഡ്വ. ബി.എ ആളൂർ ആരോപിച്ചു.