കൂടത്തായ് റോയ് വധക്കേസില്‍ നോട്ടറി അഡ്വ.സി. വിജയകുമാറിനെ പ്രതിചേര്‍ത്ത് തുടന്വേഷണം നടത്താന്‍ കോഴിക്കോട് പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി അനുവാദം നല്‍കി. നേരത്തെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിരുന്നു. കൂടത്തായ് കേസിലെ ഒന്നാം പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്ത് നോട്ടറിയെന്ന നിലയില്‍ അഡ്വ.സി. വിജയകുമാര്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി നല്‍കിയതാണ് കേസിനാധാരം.
കൂടത്തായ് റോയ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ DYSP ആര്‍ ഹരിദാസ് കോഴിക്കോട് പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തി നല്‍കിയ അപേക്ഷയിലാണ് കോടതി അനുവാദം നല്‍കിയത്. CRPC സെക്ഷന്‍173 ( 8 ) പ്രകാരമാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുവാദം നല്‍കി ഉത്തരവിറക്കിയിരുന്നെങ്കിലും നോട്ടറി പദവി റദ്ദാക്കിയിരുന്നില്ല. റോയ് വധക്കേസില്‍ പ്രാരംഭവാദം കേള്‍ക്കല്‍ ഓഗസ്റ്റില്‍ നടക്കാനിരിക്കെയാണ് അഡ്വ. വിജയകുമാറിനെ അഞ്ചാമതായി പ്രതിചേര്‍ത്ത് തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് ശേഷം ഈ കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കും.