കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15-കാരന്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പോലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ കുട്ടി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. 

വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച പകൽ 12.45-ഓടെയാണ് സംഭവം. അക്രമിയിൽ നിന്ന് കുതറി രക്ഷപ്പെട്ട വിദ്യാർഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്ന അക്രമി വിദ്യാർഥിനിയെ കീഴ്‌പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. 

കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.