കൊല്ലം പഴയേരൂര്‍ സ്വദേശി ഷാജി പീറ്ററെ രണ്ടര വര്‍ഷം മുമ്പ് കൊന്ന്കുഴിച്ചുമൂടിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച അമ്മയും അറസ്റ്റിലായി.മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.

2018-ലെ ഓണക്കാലത്തായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്ന് ഷാജി പീറ്ററുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്റര്‍ കൊല്ലപ്പെട്ട വിവരം ഇവര്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാള്‍ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. ഏകദേശം രണ്ടരവര്‍ഷത്തോളം കൊലപാതകവിവരം ഇവര്‍ രഹസ്യമാക്കി വെച്ചു. 

അടുത്തിടെ സംശയം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.