കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് തൃശ്ശൂർ എസ്.പി. ജി.പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. 

ധർമരാജൻ ആര്‍.എസ്.എസുകാരനാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും എസ്.പി. പറഞ്ഞു.

പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്ര രൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും എസ്.പി. വിശദീകരിച്ചു.