രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ല എന്ന പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് പ്രതിരോധം വ്യക്തിയല്ല, സംവിധാനമാണ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ അടക്കമുള്ള കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ് വിജയം കണ്ടതെന്നും ശൈലജ പറഞ്ഞു. 

പാര്‍ട്ടി തീരുമാനത്തെ സൈബര്‍ സഖാക്കള്‍ വൈകാരികമായി കാണേണ്ടതില്ല, ആരോഗ്യമന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ശൈലജ വ്യക്തമാക്കി.