കിഫ്ബിയുമായി ബന്ധപ്പെട്ട് സി ആന്‍ഡ് എ.ജി. സര്‍ക്കാരിനു സമര്‍പ്പിച്ചത് അന്തിമ റിപ്പോര്‍ട്ട്. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.

കിഫ്ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോര്‍ട്ട് മേയ് അഞ്ചിന് സര്‍ക്കാരിനു നല്‍കിയിരുന്നു. നവംബര്‍ ആറിന് അന്തിമ റിപ്പോര്‍ട്ടാണ് ധനമന്ത്രിക്കു നല്‍കിയത്. ഇതിനുശേഷവും കരട് റിപ്പോര്‍ട്ടാണെന്ന് നവംബര്‍ 14-ന് പറയുകയും മന്ത്രി സി.എ.ജി.യെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ചട്ടപ്രകാരം, ധനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവര്‍ക്കു കൈമാറണം. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമസഭയില്‍ സമര്‍പ്പിക്കണം. അതുവരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണു ചട്ടം. അതിനുമുമ്പ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പ്രഖ്യാപിച്ചത് ഗുരുതര ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.