വറുതിയുടെ കൊടിക്കൂറ ഉയരുന്നുണ്ട് തീരങ്ങളില്‍. കോവിഡും ലോക്ക് ഡൗണും വരുത്തിവെച്ച തൊഴില്‍ നഷ്ടത്തില്‍ നിന്ന് കരകയറി വരുന്നതേയുണ്ടായിരുന്നുള്ളൂ ജീവിതം. അപ്പോഴെത്തി അമ്പത്തി രണ്ട് ദിവസത്തെ മത്സ്യ ബന്ധന നിരോധനം. രാത്രിയോടെ തിരിച്ചെത്തണം തിരമാലകളെ തോല്‍പിച്ച് കടലിന്റെ  ഉള്‍തട്ടിലേക്ക് ജീവിതം  തേടി പോയവര്‍. ജൂലായ് 31 വരെ വള്ളവും ബോട്ടും അടുപ്പിച്ച് സങ്കടക്കടല്‍ താണ്ടുക മാത്രമാണ് മുന്നിലുള്ള വഴി. 

എല്ലാവര്‍ഷവും പതിവ് പോലെയെത്താറുണ്ട് ട്രോളിംഗ് നിരോധനം. പക്ഷെ ഒരു കാലത്തും ഇത്രവലിയ ക്ഷീണത്തിന് മുകളിലുള്ള മറ്റൊരു നിരോധനമായിരുന്നില്ല അത്. സംസ്ഥാനത്ത് മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന 3800 ട്രോളിംഗ്  ബോട്ടുകളും 600 ഗില്‍നെറ്റ്, ചൂണ്ട ബോട്ടുകളും പേഴ്‌സീന്‍ വല ഉപയോഗിക്കുന്ന 60 യന്ത്ര വള്ളങ്ങളുമാണ് ഇന്ന് രാത്രിയോടെ  തീരത്തണയുക. ഒപ്പം കാലവര്‍ഷം കൂടിയെത്തുമ്പോള്‍ വീണ്ടും പട്ടിണിക്കാലം.