കമ്പിളിപുതച്ച നിലയിലായിരുന്നു കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം.  കനത്ത മഴയില്‍ നല്ല നാളെ സ്വപ്നം കണ്ടുറങ്ങിയവര്‍. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ഉറക്കത്തില്‍ പാതിമുറിഞ്ഞ സ്വപ്നങ്ങളോടെ യാത്രയായവര്‍. ഇടുക്കി രാജമലയില്‍ പെട്ടിമുടി കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍സിലെ മുപ്പത് മുറികളുള്ള നാല് ലയങ്ങളിലായി താമസിച്ചവര്‍. 81 ലധികം പേര്‍. കവളപ്പാറ ദുരന്തം ഒരാണ്ട് പിന്നിടുന്നതിന്റെ തൊട്ടു തലേന്നാള്‍ കേരളം മറ്റൊരു ദുരന്തത്തിനാണ് സാക്ഷിയായത്. നാല് ലയങ്ങളെയും മണ്ണിനടിയിലാക്കിയ വന്‍ ദുരന്തം. 

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍നിന്നു വന്‍ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളിലയങ്ങളെ തകര്‍ത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിലായിരുന്നതിനാല്‍ ആളുകളില്‍ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല.  മണ്ണും ചെളിയും വലിയ കല്ലുകളും വന്ന് മൂടിക്കിടക്കുന്ന സ്ഥലം നോക്കി ഇങ്ങനെ പറയേണ്ടി വരുന്നു. അതെ, ഇവിടം ജനവാസ പ്രദേശമായിരുന്നു. 

വ്യാഴാഴ്ച രാത്രി പതിനോന്നോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ശബ്ദം കേട്ടിറങ്ങിയോടിയ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒമ്പത് പേര്‍ രാജമല ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മാത്രമാണ് വിവരം പുറം ലോകമറിയുന്നത്. ദുരന്തമുണ്ടായി പത്ത് മണിക്കൂറിന് ശേഷം. ലയങ്ങള്‍ നാമാവശേഷമാക്കിയ ദുരന്തത്തില്‍ 24പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 41 ലധികം പേരെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആളുകള്‍ പുഴയിലൂടെ ഒഴുകിപ്പോയെന്നും സംശയിക്കുന്നു. രക്ഷപ്പെട്ടത് പതിനഞ്ച് പേര്‍ മാത്രം. 

കനത്ത മഴയും മൂടല്‍മഞ്ഞും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഓരോ വര്‍ഷവും തേടിയെത്തുന്ന പ്രകൃതി ദുരന്തങ്ങളോരോന്നും വിരല്‍ ചൂണ്ടുന്നത് നാമോരോരുത്തരിലേക്കുമാണ്. ബാക്കിയാക്കുന്നത് ഇനിയെന്നു പഠിക്കുമെന്ന ചോദ്യവും