തിരുവനന്തപുരം വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടുന്ന രമപ്രിയയ്ക്ക് തിരഞ്ഞെടുപ്പ് മധുരമുള്ള ഒരു കാത്തിരിപ്പ് കൂടിയാണ്. മാസങ്ങള്‍ക്കുള്ളില്‍ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞിന് നല്‍കാനുള്ള സമ്മാനമായിരിക്കും ഫലമെന്നാണ് ഈ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ.

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് വാര്‍ഡ് നിലനിര്‍ത്താനാണ് രമപ്രിയയെ യു.ഡി.എഫ് രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ഫിറോസും കൂടെയുണ്ട്. മൂന്നരവയസുകാരനായ മൂത്ത മകന്‍ ആദിലിനെ ബന്ധുവീട്ടിലാക്കിയാണ് ഇരുവരും വോട്ട് അഭ്യര്‍ഥിക്കാന്‍ ഇറങ്ങുന്നത്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രമപ്രിയയും ഫിറോസും. ആശാ വര്‍ക്കറും കോവിഡ് പ്രതിരോധ വളണ്ടിയറുമാണ് രമപ്രിയ.