സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് വോട്ട് പിടിക്കേണ്ട അഞ്ച് സ്ഥാനാർഥികളാണ് ഉള്ളത്. ഇടുക്കിയിലെ തേക്കടി വാർഡിൽ മത്സരരംഗത്തുള്ള അഞ്ച് സ്ഥാനാർഥികളാണ് അവർ.
പെരിയാർ ടൈഗർ റിസർവ്വും മുല്ലപ്പെരിയാർ അണക്കെട്ടും ഒക്കെ ഉൾപ്പെടുന്ന തേക്കടി വാർഡാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ വാർഡ്. വാർഡിന്റെ വലിപ്പം വോട്ടർമാരുടെ എണ്ണത്തിലില്ല. ആകെയുള്ളത് 830 പേർ. ഇതിൽ 590 വോട്ടർമാരും ആദിവാസി മേഖലയായ മന്നാക്കുടിയിൽ നിന്നാണ്.
തേക്കടി വിനോദസഞ്ചാരകേന്ദ്രവും മംഗളാദേവി ക്ഷേത്രവും പെരിയാർ കടുവ സംരക്ഷണ കേന്ദ്രവും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവുമെല്ലാം ചേർന്നാണ് തേക്കടിയെ സംസ്ഥാനത്തെ ഏറ്റവും വലിയ വാർഡാക്കിയത്.