ഫയര്‍ ഫോഴ്‌സില്‍ പോലീസ് മുറയില്‍ കൂട്ട ശിക്ഷാ നടപടിയുമായി പുതിയ മേധാവി. പത്ത് ഉദ്യോഗസ്ഥരെ കഠിന പരിശീലനത്തിനയ്ക്കാനാണ് ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ ഉത്തരവ്. തൃശ്ശൂരിലെ അക്കാദമിയിലാണ് ഇവരെ പരിശീലനത്തിനയയ്ക്കുന്നത്.
സേനയില്‍ ആദ്യമായാണ് പോലീസ് മാതൃകയില്‍ ശിക്ഷ നടപ്പാക്കുന്നത്. ബി സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ശിക്ഷാനടപടി കൈക്കൊള്ളുന്നത്. തിരുവനന്തപുരം ഓഫീസിലെ ഒമ്പതുപേർക്കും കായംകുളം ഓഫീസിലെ ഒരാൾക്കുമെതിരെയാണ് നടപടി.
സ്ത്രീയോട് മോശമായി പെരുമാറിയതിനാണ് കായംകുളം ഓഫീസിലെ ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്. ഫയർ ഫോഴ്സ് ഉപകരണങ്ങൾ കേടുവരുത്തിയെന്ന് കണ്ടെത്തിയതിനേ തുടർന്നാണ് തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചത്.