നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കഗാന്ധി കേരളത്തിലേക്ക്. മധ്യകേരളത്തിലെ റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. തോട്ടം മേഖലയും തീരപ്രദേശങ്ങളും സന്ദര്‍ശിക്കും. താര പ്രചാരകരെ കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ ഭരണ പ്രതീക്ഷയുള്ള കേരളത്തിൽ രാഹുൽ ​ഗാന്ധിക്ക് പുറമേ പ്രിയങ്കാ ​ഗാന്ധിയേക്കൂടി ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. അനാരോ​ഗ്യം കാരണം അധ്യക്ഷ സോണിയാ ​ഗാന്ധി പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പ്രിയങ്കയെ രം​ഗത്തിറക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രിയങ്കയ്ക്കുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ. രാഹുൽ സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ പ്രിയങ്ക മധ്യദേശത്ത് റാലികളുടെ ഭാ​ഗമാകും.