എൻ.സി.പിയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പി.സി. ചാക്കോ. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പി.സി. ചാക്കോ ഡി.ജി.പിക്ക് പരാതി നൽകി.
മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയ്ക്കല്ല ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് കൊണ്ടു വന്നതെന്നും ചാക്കോ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാർട്ടി അവഗണിക്കുന്നുവെന്നും അതിനാൽ എൻ.സി.പിയിലേക്ക് പോകുന്നുവെന്നുമായിരുന്നു വാർത്ത പരന്നത്. ഒരുത്തരവാദിത്വവുമില്ലാത്ത ചില ചാനലുകളാണ് ഈ വാർത്തയ്ക്ക് പിന്നിൽ. ഇതൊക്കെ ആരുടേയോ ഭാവനാസൃഷ്ടിയാണ്.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ നേതൃത്വത്തോട് ആഗ്രഹം പ്രകടിപ്പിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെങ്കിൽ താനടക്കം ആരെയും മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാകും. സംസ്ഥാന നേതൃത്വത്തിലെ പുതിയ മാറ്റങ്ങൾ ആരെയും ഉയർത്തിക്കാട്ടുന്നതിനല്ലെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.