ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയില്‍ ഇരട്ട അങ്കത്തിനാണ് വേദിയൊരുങ്ങുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ് മലപ്പുറം. മലപ്പുറത്ത് അഞ്ച് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് 2017-ലായിരുന്നു ഉപതിരഞ്ഞെടുപ്പ്. അന്ന് നേടിയ വിജയം 2019-ലും ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിക്ക് അന്ന് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചത് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്.