12 സീറ്റെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞദിവസം രാത്രി ഒന്നരമണിക്കൂർ നീണ്ട ചർച്ചയിലും ധാരണയിലെത്താനായില്ല. ഇന്ന് വീണ്ടും ചർച്ച നടത്തും. യു.ഡി.എഫ് യോഗവും ഇന്നാണ്.

കോട്ടയം ജില്ലയിൽ നാല് സീറ്റ് വേണമെന്നാണ് ജോസഫ് വിഭാ​ഗം ആവശ്യപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണം. എന്നാൽ ചർച്ച ആശാവഹമായി പുരോ​ഗമിക്കുന്നുവെന്നാണ് മോൻസ് ജോസഫ് പ്രതികരിച്ചത്. തങ്ങളോടൊപ്പം വന്ന മാണി ​ഗ്രൂപ്പിലെ നേതാക്കളേയും പരി​ഗണിക്കേണ്ടതുള്ളതിനാൽ സീറ്റിന്റെ എണ്ണം കുറയ്ക്കാനാവില്ലെന്ന് ജോസഫ് വിഭാ​ഗം അറിയിച്ചു.

ചങ്ങനാശ്ശേരിക്കുവേണ്ടി മൂവാറ്റുപുഴ വെച്ചുമാറേണ്ടതില്ലെന്ന് കോൺ​ഗ്രസ് തീരുമാനിച്ചു. എന്നാൽ ചങ്ങനാശ്ശേരിക്ക് വേണ്ടിയുള്ള ശ്രമം തുടരും. ഇന്നത്തെ ചർച്ചയിൽ കേരളാ കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.