സിപിഐ യുവനേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നേക്കും. രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പം  രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തി. എന്നാൽ കോൺ​ഗ്രസ് പ്രവേശനം സ്ഥിരീകരിക്കാൻ കനയ്യ തയ്യാറായില്ല. പ്രശാന്ത് കിഷോർ കോൺ​ഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. 

പാർട്ടി പുനരുജ്ജീവനത്തിനായി കൂടുതൽ ജനകീയ നേതാക്കളെ കോൺ​ഗ്രസിലെത്തിക്കാൻ രാഹുൽ ​ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കനയ്യ കുമാറിനെ കോൺ​ഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സി.പി.ഐ നേതൃത്വവുമായി അത്ര രസത്തിലല്ല.