അമേരിക്കന്‍  അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയായി കമലാ ദേവി ഹാരിസ്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ കരുതി വെക്കുന്നത് കമലയെയാണ്. ചെറുപ്പം മുതല്‍ പോരാട്ടത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവെന്ന ഇന്ത്യയുടെ കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്. 

2020 ഓഗസ്റ്റ് 11-ന് കമലയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ജോ ബൈഡന്‍ പ്രഖ്യാപിക്കുമ്പോള്‍ അത് ഒരു പുതുചരിത്രത്തിന് കൂടിയാണ് വഴിയൊരുക്കിയത്. 1960-കളില്‍ തമിഴ്‌നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കാന്‍സര്‍ ഗവേഷക ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായ കമലാ ഹാരിസ് അഭിഭാഷകയാണ്.

1964-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച കമല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്നാമത്തെ വനിതയാണ്. 2010-ല്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി നിയമിതയായി. 2016-ലെ തിരഞ്ഞെടുപ്പില്‍ യു.എസ്. സെനറ്റിലെത്തിയ കമല ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രോ അമേരിക്കന്‍ വംശയും ആദ്യ ദക്ഷിണേഷ്യന്‍ അമേരിക്കന്‍ വംശജയുമായി.