മര്‍ദനത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെടുകയും സ്വന്തം വീടുവിട്ട് പോകേണ്ടി വരികയും ചെയ്ത ജ്യോത്സ്‌നയെ നാം മറന്നുകാണില്ല. സി.പി.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെ പ്രതിയായ കേസില്‍ വിചാരണനടപടി പുരോഗമിക്കേ മറ്റൊരു പോരാട്ടത്തിലാണ് ജ്യോത്സ്‌ന ജോസ്. കോഴിക്കോട് കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ജ്യോത്സ്‌ന.
' സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഇതിലേക്ക് വന്നത്. ഞാന്‍ നിന്ന പോലെ എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയില്‍ ഒരു സ്ത്രീയും നില്‍ക്കരുത്.' - ജ്യോത്സ്‌ന പറയുന്നു.
തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് പൊതുരംഗത്തെത്തിയതല്ലെന്നും ജ്യോത്സ്‌ന വ്യക്തമാക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.കെ ഹസീനയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഗീത ചന്ദ്രനും ഉള്‍പ്പടെ ശക്തമായ പോരാട്ടമാണ് കൂരാച്ചുണ്ട് ഡിവിഷനില്‍ ഇത്തവണ.