ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സി.ബി.ഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയുമെന്ന് എൻ.സി.പി നേതാവ് പി.സി ചാക്കോ. കരുണാകരനെതിരെ ആന്റണി ഗ്രൂപ്പും രമൺ ശ്രവാസ്തവയ്ക്കെതിരെ സിബി മാത്യൂസ് അടക്കമുള്ളവരും നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസ് എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

"നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ആരംഭിക്കേണ്ടതാണ്. കോൺ​ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായതും നിന്ദ്യമായതുമായ ​ഗൂഢാലോചനയുടെ ചുരുളുകളാണ് ഇതിലഴിയാൻ പോവുന്നത്. കരുണാകരനോട് നേരിട്ട് പടവെട്ട് ജയിക്കാൻ കഴിയാത്ത ഭീരുത്വമാണ് എ ​ഗ്രൂപ്പിന്റെ അന്നത്തെ നേതാക്കളെ അത്തരമൊരു ​ഗൂഢാലോചനയിലേക്ക് നയിച്ചത്." പി.സി. ചാക്കോ പറഞ്ഞു.

നമ്പി നാരായണനെ ബലിയാടാക്കിയതാണ്. അദ്ദേഹമായിരുന്നില്ല അവരുടെ ലക്ഷ്യം. താൻ ചാരക്കേസ് പ്രതിയാണെന്ന പ്രചരണം പാർട്ടിയിലെ സഹപ്രവർത്തകരായ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ളവരുടെ അറിവോടെയാണ് നടക്കുന്നതെന്ന കാര്യം കരുണാകരൻ തന്നോട് രഹസ്യസംഭാഷണത്തിനിടെ പറഞ്ഞെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.