കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ യോഗാചാര്യന്‍ ബാബാ രാംദേവ് പടുത്തുയര്‍ത്തിയ 'പതഞ്ജലി' ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഉപഭോക്തൃ ഉത്പന്ന (എഫ്.എം.സി.ജി.) കമ്പനിയാണ്. പ്രതിസന്ധിയിലായ 'രുചി സോയ' എന്ന കമ്പനിയെ ഏറ്റെടുത്ത് മാസങ്ങള്‍ കൊണ്ട് ലാഭത്തിലെത്തിച്ചതോടെ, ഇരു സംരംഭങ്ങളുടെയും കൂടി മൊത്തം വാര്‍ഷിക വിറ്റുവരവ് 30,000 കോടി രൂപയിലെത്തി നില്‍ക്കുകയാണ്.
ഉപഭോക്തൃ ഉത്പന്ന രംഗത്ത് യൂണീലിവര്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ മുന്നിലുള്ളതെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് സാന്നിധ്യമുള്ള മേഖലകളിലെല്ലാം ഒന്നാം സ്ഥാനം ലക്ഷ്യമിടുകയാണെന്നും 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബാബാ രാംദേവ്.

4,300 കോടി രൂപ സമാഹരണ ലക്ഷ്യവുമായി രുചി സോയയുടെ പബ്ലിക് ഇഷ്യു (എഫ്.പി.ഒ.) ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും.
പതഞ്ജലിയുടെ അമരക്കാരന്‍ എന്നതിനപ്പുറം ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ബാബാ രംദേവ്. ഇപ്പോള്‍ രുചി സോയയുടെയും സെലിബ്രിറ്റി മുഖമായി അദ്ദേഹം മാറുകയാണ്. തനിക്ക് പുറമെ, ഒരു ക്രിക്കറ്റ് താരം, ബോളിവുഡ് താരം എന്നിവര്‍ ഉടന്‍ തന്നെ ബ്രാന്‍ഡ്  അംബാസഡര്‍മാരായി എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പതഞ്ജലിയുടെ ഐ.പി.ഒ. നടത്തി ഓഹരികള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം ആറു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.