മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് ആഹാരവും മരുന്നും കിട്ടാതെ അവശനിലയിലായി മരിച്ച വൃദ്ധന്റെ ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊടിയന്റെ മരണം ഭക്ഷണം കിട്ടാത്തതു കൊണ്ടാണോ എന്ന് കണ്ടെത്താനായില്ല. ശരീരത്തില്‍ ഭക്ഷണത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും വിശദവിവരങ്ങള്‍ വന്ന ശേഷം മാത്രമേ പൊലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങൂ. ഇളയമകന്‍ റെജിക്കൊപ്പമായിരുന്നു വൃദ്ധദമ്പതികള്‍ താമസിച്ചിരുന്നത്. റെജി ഇരുവര്‍ക്കും ഭക്ഷണം നല്‍കാറില്ലായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. കൂടുതല്‍ ആളുകളില്‍ നിന്ന് മൊഴി രേഖപ്പെടുത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പോലീസ് തീരുമാനം. മരിച്ച പൊടിയന്റെ ഭാര്യ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

മാസങ്ങളായി പൊടിയനെയും ഭാര്യയെയും വീടിനകത്തെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. മദ്യപാനിയായ റെജി, മാതാപിതാക്കളെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു എന്നാണ് വിവരം. പൊടിയനെയും ഭാര്യയെയും ആരെങ്കിലും സഹായിക്കുന്നത് തടയുന്നതിനു വേണ്ടി റെജി ഇവരുടെ മുറിയിലെ കട്ടിലിനു സമീപത്തായി നായയെ കെട്ടിയിട്ടിരുന്നു.

നായയ്ക്ക് ഭക്ഷണം നല്‍കിയാല്‍ പോലും ഇയാള്‍ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. നാലും അഞ്ചും ദിവസം പഴക്കമുള്ള ഭക്ഷണമാണ് പലപ്പോഴും ഇയാള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നത്. ചൊവ്വാഴ്ച ആശാ പ്രവര്‍ത്തകരും പാലിയേറ്റീവ് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയപ്പോളാണ് ദുരവസ്ഥ പുറംലോകം അറിഞ്ഞത്.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ടാണ് പൊടിയനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്. പൊടിയന്റെ ഭാര്യക്ക് മാനസിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പിള്ളി ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച രാത്രിയോടെ തന്നെ പൊടിയന്‍ മരിച്ചിരുന്നു.