ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ  മൂന്നാമത്തെ ഷട്ടര്‍ തുറന്നു. 10:50  മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി.

1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മിഷന്‍ ചെയ്ത ഇടുക്കി പദ്ധതിയില്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവരുന്നത് ഇത് അഞ്ചാം തവണയാണ്. 1981 ഒക്ടോബര്‍ 23-നും 1992 ഒക്ടോബര്‍ 11-നും 2018 ഓഗസ്റ്റ് 9-നും ഒക്ടോബര്‍ ആറിനുമാണ് മുമ്പ് ഡാം തുറന്നത്. ആദ്യ രണ്ടുതവണയും മോശമല്ലാത്ത കാലവര്‍ഷത്തെ തുടര്‍ന്നെത്തിയ കനത്ത തുലാവര്‍ഷമാണ് അണക്കെട്ടിനെ നിറച്ചത്. 2018-ല്‍  മഹാപ്രളയവും. 2018 ഓഗസ്റ്റ് ഒമ്പതിന് തുറന്ന ഷട്ടറുകള്‍ സെപ്റ്റംബര്‍ ഏഴിനാണ് താഴ്ത്തിയത്.