കോഴിക്കോട്: അശോകപുരത്ത് മീന്‍ വില്‍പ്പനക്കാരിയായ ഭാര്യയെ  നടുറോഡില്‍ മര്‍ദിച്ച് അവശയാക്കിയ ഭര്‍ത്താവ് ജാമ്യത്തിലിറങ്ങി വീണ്ടും ഉപദ്രവിക്കുന്നതായി പരാതി. ഇയാള്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ കച്ചവടംതന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് കക്കോടി സ്വദേശിനിയായ ശ്യാമിലി.

കഴിഞ്ഞ 27-നാണ് അശോകപുരത്ത്  മീന്‍വില്‍ക്കുന്ന സ്റ്റാളിനടുത്തെത്തി ശ്യാമിലിയെ ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയില്‍ നിധീഷ് മര്‍ദിച്ച് അവശയാക്കിയത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിധീഷ് സ്ഥിരമായി മര്‍ദിക്കുന്നതിനാല്‍ മൂന്ന്  പെണ്‍കുട്ടികളേയും കൂട്ടി കക്കോടിയിലെ തന്റെ വീട്ടിലായിരുന്നു ശ്യാമിലി  താമസിച്ചിരുന്നത്.

മീന്‍വില്‍ക്കുന്ന പണം ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നത് മുതല്‍ തുടങ്ങിയതാണ് ഉപദ്രവമെന്ന് ശ്യാമിലി പറയുന്നു. മൂന്ന് കുട്ടികളും പ്രായമായ അച്ഛനും അമ്മയും ഉള്ള ശ്യാമിലിക്ക് ജീവിക്കാന്‍ മറ്റൊരു വഴിയുമില്ല. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് നിധീഷെന്നും പൊതുജന മധ്യത്തില്‍ മര്‍ദിച്ചിട്ട് പോലും പോലീസ് ജാമ്യം നല്‍കിയെന്നും ശ്യാമിലി ആരോപിക്കുന്നു.