പത്തനംതിട്ട: ഏഴു വയസ് തോന്നിക്കും ഒത്ത ശരീരം. സ്ഥിര മേല്‍വിലാസം അറിവായിട്ടില്ല, വടശ്ശേരിക്കര, തണ്ണിത്തോട്, മണിയാര്‍ മേഖലകളോടാണ് ഇപ്പോള്‍ പ്രിയം, നാട്ടുകാരെ ആകെ ഭീതിപ്പെടുത്തുന്നതാണ് വിനോദം. ആര്‍ക്കും പിടികൊടുക്കാത്ത പ്രകൃതം. ഒരിക്കല്‍ കണ്ടിടത്തൊന്നും പിന്നീട് കണ്ടവരില്ല. തേടി ഇറങ്ങിയവരെയൊക്കെ വട്ടം ചുറ്റിച്ചതാണ് ചരിത്രം. ഇതാണ് തണ്ണിത്തോട്, മണിയാര്‍ മേഖലയെ വട്ടം ചുറ്റിച്ച കടുവയുടെ ചരിത്രം. 

ജില്ലയുടെ കിഴക്കന്‍ മേഖല കടുവാപ്പേടിയിലാണ്. വന്യമൃഗത്തെ കുടുക്കാനുളള വനം വകുപ്പ് നീക്കം 10 ദിവസമായിട്ടും ഫലം കണ്ടിട്ടില്ല. അതേസമയം, കടുവയെ കണ്ടുവെന്ന കിംവദന്തികളെ പ്രതിരോധിക്കുന്നതാണ്, കടുവയെ പിടിക്കുന്നതിലും വലിയ വെല്ലുവിളിയെന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍.