കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഏത് വിധത്തിലുള്ള അപകടങ്ങളേയും നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യ- കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി ആറ് എന്‍ഡിആര്‍എഫ് ടീമുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അമിതമായ ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മലയോര മേഖലകളില്‍ രാത്രിയാത്ര പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.