സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം - അടിവാരം മേഖലയില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളില്‍ മഴ പെയുതവെന്നാണ് പറയുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ വെളളം കയറി. കൈത്തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം ക്രോസ് വേയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

ശക്തമായ മഴയില്‍ പൂഞ്ഞാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളത്തില്‍ മുങ്ങി. ബസിലുള്ളവരെ സുരക്ഷിതരായി പുറത്തിറക്കി. കാഞ്ഞിരപ്പള്ളി- എരുമേലി റോഡില്‍ കൂവപ്പള്ളിക്ക് സമീപം റോഡിലേക്ക് ചെറുമരം വീണു. കര കവിഞ്ഞൊഴുകുന്ന മണിമലയാറ്റിലൂടെ കൂറ്റന്‍ മഴവെള്ള സംഭരണി ഒഴുകിയെത്തി. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾപൊട്ടി. മൂന്ന് വീടുകൾ ഒലിച്ചുപോവുകയും ഏഴു പേരെ കാണാതാവുകയും ചെയ്തു. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.